ജില്ലാ സ്കൂള്‍ കലോത്സവം കായംകുളത്ത് നിന്ന് മാറ്റിയേക്കും

സ്വാഗതസംഘ യോഗം അലസിപ്പിരിഞ്ഞു.

കായംകുളം: നവംബര്‍ അവസാന വാരം കായംകുളത്ത് നടത്താന്‍ നിശ്ചയിച്ച ആലപ്പുഴ റവന്യൂ ജില്ലാ സ്കൂള്‍ കലോത്സവം  കായംകുളത്ത് നിന്നും മാറ്റിയേക്കും. കായംകുളം ഗവ. ബോയ്സ് ഹൈസ്കൂള്‍ ആഡിറ്റോറിയത്തില്‍ നടന്ന സ്വാഗത സംഘ യോഗം  സബ് കമ്മിറ്റി ഭാരവാഹികളെ ചൊല്ലി ഇരു വിഭാഗങ്ങൾ തമ്മിൽ ഉണ്ടായ  അഭിപ്രായ വ്യത്യാസത്തെ തുടർന്ന് അലസിപ്പിരിഞ്ഞു. നഗരസഭാ കൗണ്‍സിലര്‍മാരും അധ്യാപക സംഘടനാ പ്രതിനിധികളും ചേരിതിരിഞ്ഞ് നടത്തിയ വാക്ക് തര്‍ക്കം സംഘര്‍ഷത്തിന്‍റെ വക്കോളമെത്തി. നഗരസഭാ കൗണ്‍സിലര്‍മാർക്ക് വിവിധ സബ് കമ്മിറ്റികളുടെ ചെയർമാൻ, കൺവീനർ സ്ഥാനങ്ങൾ നൽകിയതോടെ വിവിധ അധ്യാപക സംഘടനാ പ്രതിനിധികള്‍ പ്രതിഷേധിച്ചു.
ഇതോടെയാണ് തര്‍ക്കങ്ങൾ തുടങ്ങിയത്. കായംകുളം നഗരസഭയിലെ കോണ്‍ഗ്രസ് അംഗം എ.പി. ഷാജഹാനെ ഫുഡ് കമ്മിറ്റി ചെയര്‍മാനാക്കിയതിനായിരുന്നു  പ്രധാന പ്രതിഷേധം.
പിന്നീട് എ.പി ഷാജഹാനെ ചെയര്‍മാന്‍ സ്ഥാനത്ത് നിന്നും നീക്കിയതായി ഡിഡിഇ അറിയിച്ചു. സ്വാഗതസംഘ യോഗത്തില്‍ എത്തിയ യുഡിഎഫ് പ്രതിനിധികളും കൗണ്‍സിലര്‍മാരും ഇതിനെതിരെ രംഗത്തെത്തി.
കായംകുളം നഗരസഭാ ചെയര്‍പേഴ്സണ്‍ പി. ശശികലയുടെ അദ്ധ്യക്ഷതയില്‍ ആരംഭിച്ച സ്വാഗതസംഘ യോഗം യു. പ്രതിഭ എംഎല്‍എ ഉദ്ഘാടനം ചെയ്തു.
 കായംകുളം ഉപജില്ലാ കലോത്സവത്തിൽ അധ്യാപക സംഘടനകൾ നേതൃത്വം നൽകിയ  സബ് കമ്മിറ്റികള്‍, സ്വാഗതസംഘം ചെയര്‍പേഴ്സൻ കൂടിയായ തന്നോട് ആലോചിക്കാതെയാണ്  പരിപാടികൾ ആസൂത്രണം ചെയ്തത്. 'പ്രോട്ടോകോള്‍' പാലിക്കാതെ ഉദ്ഘാടന സമാപന സമ്മേളനങ്ങളുടെ നോട്ടീസ് അച്ചടിച്ചു. ഒരു കാര്യത്തിലും തന്‍റെ അഭിപ്രായം ചോദിച്ചില്ല. ജില്ലാ കലോത്സവത്തില്‍ ഇത്തരം പ്രവണതകള്‍ ഉണ്ടാകരുതെന്ന് നഗരസഭാ ചെയര്‍പേഴ്സൻ അദ്ധ്യക്ഷ പ്രസംഗത്തില്‍ സൂചിപ്പിച്ചു. കായംകുളം നഗരസഭാ ചെയര്‍പേഴ്സനോട് തനിക്ക് പ്രത്യേക  പരിഗണന ഇല്ലെന്നും, കായംകുളം നിയോജക മണ്ഡലത്തിലെ 6 പഞ്ചായത്തുകളിലെ അദ്ധ്യക്ഷന്‍മാരെ പോലെതന്നെയാണ് കായംകുളം മുനിസിപ്പാലിറ്റി ചെയര്‍പേഴ്സനെന്നും യോഗം ഉദ്ഘാടനം ചെയ്ത യു. പ്രതിഭ എംഎല്‍എ പറഞ്ഞു. കായംകുളം ഉപജില്ലാ കലോത്സവത്തിലെ സബ് കമ്മിറ്റികള്‍ക്ക് വേണ്ട രീതിയില്‍ പരിപാടികള്‍ ആസൂത്രണം ചെയ്യാമെന്നും അത് എപ്പോഴും എല്ലാവരേയും ബോധ്യപ്പെടുത്തേണ്ടതില്ലെന്നും  മുനിസിപ്പല്‍ ചെയര്‍പേഴ്സനെ ഉന്നംവെച്ച് എംഎൽഎ യോഗത്തില്‍ സംസാരിച്ചു. കായംകുളം എംഎല്‍എയും നഗരസഭാ ചെയര്‍പേഴ്സനും  സ്വാഗതസംഘത്തിന്റെ ഉദ്ഘാടന - അദ്ധ്യക്ഷ പ്രസംഗങ്ങളില്‍ നടത്തിയ പരാമർശങ്ങളാണ് പിന്നീടുണ്ടായ സ്വാഗതസംഘ രൂപീകരണത്തിലെ ചേരിതിരിവുകൾക്കു ഇടയാക്കിയതെന്നാണ് ഒരു വിഭാഗത്തിന്റെ വാദം.

 ഡിഡിഇ  പ്രഖ്യാപിച്ച സ്വാഗതസംഘം ഭാരവാഹിത്വത്തിൽ എംഎൽഎ സ്വാഗതസംഘത്തിന്റെ  ചെയർമാനും നഗരസഭാ ചെയർപേഴ്സൻ സ്വാഗതസംഘം  വർക്കിംഗ് ചെയർമാനും ആയിരുന്നു.

യോഗത്തിൽ സ്വാഗതം അറിയിച്ച ജില്ലാ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ ശ്രീലത. ഇ.എസ് ആണ് മുന്‍കൂട്ടി തയ്യാറാക്കിയ  11 സബ് കമ്മിറ്റികളിലെ ഭാരവാഹികളെയും അംഗങ്ങളെയും പ്രഖ്യാപിച്ചത്. പ്രതിഷേധത്തെ തുടര്‍ന്ന് യോഗം അവസാനിപ്പിച്ച് ജില്ലാ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ വകുപ്പ് സംഘം മടങ്ങി. മുന്‍കൂട്ടി അറിയിച്ച സ്വാഗതസംഘ യോഗത്തില്‍ നഗരസഭാ കൗണ്‍സിലര്‍മാര്‍, വിവിധ അധ്യാപക സംഘടനാ ഭാരവാഹികള്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, പോലീസ് ഉദ്യോഗസ്ഥര്‍, മാധ്യമപ്രവർത്തകർ എന്നിവര്‍ പങ്കെടുത്തു.

അധ്യാപക സംഘടനകൾക്കായി ഇന്ന് (08-11-2024) യോഗം ചേരും. അവരുമായി നടത്തുന്ന ചര്‍ച്ചകള്‍ക്കുശേഷം മാത്രമേ ജില്ലാ കലോത്സവം എവിടെ നടത്തണമെന്ന കാര്യത്തിൽ തീരുമാനം ഉണ്ടാവുകയുള്ളൂവെന്നും സ്വാഗത സംഘ യോഗത്തിൽ പ്രഖ്യാപിച്ച കമ്മിറ്റികൾ പിരിച്ചുവിട്ടതായും ജില്ലാ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ ശ്രീലത ഇ.എസ്. അറിയിച്ചു. സ്വാഗതസംഘ യോഗം അലസിപ്പിരിഞ്ഞതോടെ  ജില്ലാ കലോത്സവം കായംകുളത്ത്‌ നിന്ന് മാറ്റിയേക്കും. മാവേലിക്കരയോ ഹരിപ്പാടോ ജില്ലാ കലോത്സവത്തിന് വേദിയാകാനാണ് നിലവിൽ സാധ്യത.

                     Join
         WHATSAPP  FACEBOOK

അഭിപ്രായങ്ങള്‍